ടൊറൻ്റോയിലെ മഞ്ഞുവീഴ്ചയെ നേരിടാൻ പുത്തൻ പദ്ധതിയുമായി മേയർ ഒലീവിയ ചൗ

By: 600110 On: Mar 5, 2026, 5:18 AM

 

ടൊറൻ്റോയിലെ മഞ്ഞുവീഴ്ചയെ നേരിടാൻ പുത്തൻ പദ്ധതിയുമായി മേയർ ഒലീവിയ ചൗ. കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം നടപ്പാതകളിലെ മഞ്ഞ് നീക്കം ചെയ്യുന്നന് നഗരവാസികളെ കൂലി നൽകി ജോലിക്ക് നിയോഗിക്കാനാണ് മേയറുടെ ആലോചന.

നഗരത്തിലെ നടപ്പാതകളിൽ ദിവസങ്ങളോളം മഞ്ഞ് അടിഞ്ഞുകൂടിക്കിടക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിലവിൽ മഞ്ഞ് നീക്കം ചെയ്യുന്നതിലെ വേഗതക്കുറവ് പരിഹരിക്കാൻ ന്യൂയോർക്ക് നഗരത്തിലെ മാതൃക പിന്തുടരാനാണ് മേയർ ആഗ്രഹിക്കുന്നത്. അവിടെ അടിയന്തര സാഹചര്യങ്ങളിൽ മഞ്ഞ് നീക്കാൻ  പൗരന്മാരെ കൂലിക്ക് നിയോഗിക്കാറുണ്ട്.

"പെയ്ഡ് സിവിലിയൻ ഷവൽ ബ്രിഗേഡ്"  എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. നഗരവാസികൾക്ക് ഇതിലൂടെ ഒരു അധിക വരുമാനം ലഭിക്കുന്നതോടൊപ്പം നഗരത്തിലെ പരാതികൾ കുറയ്ക്കാനും സാധിക്കുമെന്ന് മേയർ വിശ്വസിക്കുന്നു. അടുത്ത ശീതകാലത്തിന് മുൻപായി ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. താല്പര്യമുള്ളവർക്ക് ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

കൂലി സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ചിലർ ഈ ആശയത്തെ സ്വാഗതം ചെയ്യുമ്പോൾ, സുരക്ഷയെയും തുല്യതയെയും സംബന്ധിച്ച് മറ്റ് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വരും ആഴ്ചകളിൽ നഗരസഭയിൽ ഈ നിർദ്ദേശത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും.